ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറയുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.


