കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ് കോളജിലെ പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ്പെന്‍ഡ് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് കേസടുത്തതിന് പിന്നാലെയാണ് കോളജിന്റെ നടപടി. ഇ-മെയിലിലൂടെ അയച്ച ചോദ്യപ്പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്ഐആറില്‍ പറയുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തിരുന്നത്. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ നല്കിയ പരാതിയിലാണ് കേസ്. പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ വഞ്ചിച്ചെന്നും എഫ്ഐആറിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്.
കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്സിറ്റി തീരുമാനിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് കാസര്‍കോട് ഗവ. കോളജിലേക്ക് പരീക്ഷാ സെന്റര്‍ മാറ്റിയിരുന്നു.


