അസമില്‍ വന്‍ ലഹരിവേട്ട. അമിങ്ഗാവില്‍ നിന്നും 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 71 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും, മെത്താംഫെറ്റാമൈന്‍ ഗുളികകളും പിടിച്ചെടുത്തത്. 2,70,000 യാ ബാ ടാബ്ലറ്റ്, 520 ഗ്രാം ഹെറോയിന്‍ എന്നിവയാണ് കണ്ടെടുത്തത്.
അതേസമയം വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂര്‍ ഇസ്ലാം (34), നസ്രുള് ഹുസൈന് എന്ന അലി ഹുസൈന് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) സംഘത്തെ പിടികൂടിയത്.
പിടിച്ചെടുത്ത ട്രക്കില്‍ നിന്ന് 67 കോടി രൂപ വിലമതിക്കുന്ന 2,70,000 യാബ ഗുളികകളും മറ്റൊരു ഹ്യുണ്ടായ് കാറില്‍ നിന്നും 40 സോപ്പ് ബോക്സുകളിലായി 4 കോടി രൂപ വിലമതിക്കുന്ന 520 ഗ്രാം ഹെറോയിനുമാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


