കോട്ടയം പേരൂരില്‍ യുവതിയും മക്കളും ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്കി ജിസ്മോളുടെ കുടുംബം. നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ യുവതി ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്കി. ഭര്‍ത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പൊലീസിനോട് പറഞ്ഞു.
യുവതിയുടെ ശരീരത്തില്‍ ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. അതേസമയം ഭര്‍ത്താവ് യുവതിയുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
ജിസ്മോളുടെയും പെണ്മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടെയും സംസ്കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് സഭാ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
കഴിഞ്ഞ ദിവസവും യുവതിയുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ വീട്ടില്‍ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് മൂവരുടെയും മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


