കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്മോളുടെ അച്ഛന് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.


