റായ്പൂരില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച സംഘത്തില്‍ 10 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍. ‘ബജ്റംഗ് ദള്‍ ചേട്ടന്മാര് പറഞ്ഞിട്ട് ഞങ്ങളാണ് ചര്‍ച്ച് പൊളിച്ചതെന്ന്’ കുട്ടികള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് റായ്പൂരില്‍ WRS കോളനിക്കടുത്തുള്ള ചര്‍ച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്.
സംഘത്തിലുള്ളവരില്‍ അധികവും 20 വയസ്സ് താഴെയുള്ളവര്‍. ‘ബജ്റംഗ് ദള്‍ ചേട്ടന്മാര് പറഞ്ഞിട്ട് ഞങ്ങളാണ് ചര്‍ച്ച് പൊളിച്ചതെന്ന്’ ഒരു കുട്ടി പറഞ്ഞു. പിന്നാലെ മറ്റൊരു കുട്ടി ‘മുതിര്‍ന്നവര്‍ എന്താണോ പറഞ്ഞത്, അത് ഞാന്‍ അനുസരിച്ചു. മറ്റൊന്നും അറിയില്ല എനിക്ക്’ എന്നായിരുന്നു. ‘ഹിന്ദുരാഷ്ട്രമാണ് ഇതെന്നും ഭരണഘടനയോടു ബഹുമാനമില്ലെന്നും’ 20കാരനായ ദീപക് ദേശീയ മാധ്യമത്തോട് പറയുന്നുണ്ട്.
ബജ്റംഗ്ദളിലെ ഒരു നേതാവ് പറഞ്ഞതിനാലാണ് ഞങ്ങള്‍ അത് ചെയ്തത്, പള്ളിയില്‍ പതാക തൂക്കിയത് ഞാനാണ്, അവര്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ അവര്‍ ഹിന്ദുമതം സ്വീകരിക്കണം, അല്ലെങ്കില്‍ അവര്‍ക്ക് പോകാം, മണിപ്പൂരിലെ ക്രിസ്ത്യാനികളോട് ചെയ്തത് ഞങ്ങളും ചെയ്യും എന്നിങ്ങനെ യുവാക്കള്‍ മാധ്യമപ്രവര്‍ത്തകയോട് പറയുന്നുണ്ട്. കുട്ടികളുടെ കൂട്ടത്തില്‍ മിക്കവാറും സ്കൂള്‍ പഠനം അവസാനിപ്പിച്ചവരാണ്. എല്ലാ ഞായറാഴ്ചയും പരിശോധന നടത്തന് ബജ്റംഗ് ദളില്‍ നിന്നുള്ള നേതാക്കള്‍ പ്രദേശത്ത് എത്താറുണ്ടെന്നും കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023- 601 അക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2024-ല്‍ അത് 840 ആയി ഉയര്‍ന്നു. 2025 മാര്‍ച്ച് 3-നാണ്, ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഛത്തീസ്ഗഡിലെ റായ്പൂരിലെ ഡബ്ല്യുആര്‍എസ് കോളനിയിലെത്തി ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ഒരു പള്ളി തകര്‍ത്തത്. കാവി തുണികള്‍ ധരിച്ച പുരുഷന്മാര് കോളനിയില്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ മതിലുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രദേശത്ത് ആ സമയം കുറച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നത്. ജയ് ശ്രീ റാം വിളിച്ച് കൊണ്ട് ആളുകള്‍ പള്ളി തകര്‍ത്തുവെന്ന് ദൃസാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടം വര്‍ഗീയ അധിക്ഷേപങ്ങളും നടത്തി. 50 ലധികം ആളുകള്‍ സംഘത്തിലുണ്ടായിരുന്നു. അക്രമികള്‍ക്കൊപ്പം പൊലീസും ഉണ്ടായിരുന്നുവെന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഹിന്ദു- ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ഇവിടെ താമസിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പണം നല്കി മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം പ്രദേശത്ത് വ്യാപകമാണ്. ശാരീരിക ആക്രമണങ്ങള്‍, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍, പള്ളി നശിപ്പിക്കല്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പ്രകാരമുള്ള അറസ്റ്റുകള്‍ തുടങ്ങി വ്യാപക അക്രമ സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സമീപത്തെ മറ്റ് ചര്‍ച്ചകളും സമാനഭീഷണികള്‍ അഭിമുഖീകരിക്കുന്നുണ്ട്.


