എറണാകുളം നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
രാവിലെ 11 മണിയോടുകൂടിയായിരുന്നു മണിയമ്പാറ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഡിവൈഡറില്‍ കയറിയ ബസ് തെന്നി താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
മറിഞ്ഞ ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ പുറത്തെത്തിച്ചു. കോതമംഗലത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ മാറ്റിയത്. ആരോഗ്യനില അതീവ ഗുരുതരം. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന പെണ്‍കുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്ത് കൂടി ബസിന്റെ ടയര്‍ കയറിയിറങ്ങുകയും ആയിരുന്നു എന്നാണ് വിവരം. റോഡ് സൈഡിലെ ക്രഷ് ബാരിയറില്‍ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിച്ചു.
ബസ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. 20 യാത്രക്കാരായിരുന്നു അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത്.


