മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടന്നേക്കും.
സിഎംആര്‍എല്‍ – എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി നിരീിച്ചു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയന് അടക്കമുള്ളവര്‍ വൈകാതെ വിചാരണ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.
മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്കാന് നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.


