ഇടുക്കി ഉപ്പുതറയിലെ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നാല് പേരുടേയും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. രണ്ട് കുട്ടികളെയും കെട്ടി തൂക്കിയ ശേഷം ദമ്പതികളും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു.
ഇന്നലെ വൈകിട്ടാണ് ഉപ്പുതറ 9 ഏക്കറില്‍ സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവന്, ദിയ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ പുറത്തുകാണാതായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മരിച്ച സജീവിന്റെ പിതാവ് മോഹനനും ഇത് സ്ഥിരീകരിച്ചു. വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി സജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞിരുന്നു.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മര്‍ദം സജീവിന് ഉണ്ടായിരുന്നെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കിയിരുന്നു.


