തൃശ്ശൂര്‍ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതക കേസില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനെത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും നടന്നു.
കൊല്ലപ്പെട്ട കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ‘പീഡനശ്രമത്തിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാന്‍ ശ്രമിച്ചു. അത് തടയാന്‍ വേണ്ടിയാണ് കുളത്തിലേക്ക് തള്ളിയിട്ടത്. പിന്നീട് കുട്ടിയുടെ കഴുത്തില്‍ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയര്‍ന്നുവരികയാണ് ഉണ്ടായത്. ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്നും പോവുകയായിരുന്നു’-പ്രതി പൊലീസിനോട് പറഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരനെ ജോജോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജോജോയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തി. പോക്സോ, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകളാണ് ചേര്‍ത്തത്. ബൈക്ക് മോഷണമടക്കം വിവിധ കേസുകളില്‍ മുന്‍പും പ്രതിയാണ് ജോജോ.


