ആലപ്പുഴ കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് എത്തുന്നതിനാല്‍ കടപ്പുറത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂര്‍ണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിനെറ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം കടപ്പുറത്ത് ഉണ്ടാകും. ഇതിനാല്‍ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം വിമര്‍ശിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടില്‍ വരുമ്പോള്‍ അവിടുള്ളവര്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തെ വരവേല്‍ക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത്. സന്ദര്‍ശിക്കുന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് സ്നേഹ ബഹുമാനങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അഥവാ സന്ദര്‍ശനം കൊണ്ട് നാട്ടുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഗുണമാണുണ്ടാവുന്നതെങ്കില്‍ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും. അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കില്‍ സന്ദര്‍ശനവേളയില്‍ നാട്ടുകാര്‍ കടകളടച്ചും മറ്റും ഹര്‍ത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ?’ -ബല്‍റാം ചോദിച്ചു.
പൊലീസ് അറിയിപ്പില്‍നിന്ന്:
11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അവര്‍കള്‍ ആലപ്പുഴ ബീച്ചില്‍ KPMS ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ സൗത്ത് പൊലീസ് സ്റ്റേഷന്


