ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും. വിഷയത്തില്‍ എസ്എഫ്ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
കര്‍ണാടക ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോഴായിരുന്നു ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്എഫ്ഐഒയോട രേഖകള്‍ ആവശ്യപ്പെട്ടതും വീണക്കെതിരെ കേസെടുത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. ഇന്ന് എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണയ്ക്കെതിരെ കേസെടുക്കാനുള്ള ഇഡി നീക്കം. നേരത്തെ വീണയെ പ്രതിയാക്കി എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിക്കുകയും ഇതിനെതിരെ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിരുന്നു.
സേവനം നല്‍കാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്സാലോജിക് കമ്പനിക്കാണ് പണം നല്‍കിയിരിക്കുന്നത്. ഒരു സേവനവും നല്‍കാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ടി. വീണ, സിഎംആര്‍എല്‍ എം.ഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് നടപടിക്ക് അനുമതിയുണ്ടായത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.


