കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന് എംപിയെ സാക്ഷിയാക്കാന്‍ ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ തീരുമാനം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്, ഇനി ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.
സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണന് പ്രതികരിച്ചു. അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. തന്റെ സ്വത്ത് വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നുവെന്നും എം പി പറഞ്ഞു.
മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. കൊച്ചി ഇ ഡി ഓഫീസില്‍ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന് ഹാജരായിരുന്നില്ല.


