തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.
പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്. എക്സൈസ് സർക്ക്ൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
കഴിഞ്ഞ ദിവസം കിളികൊല്ലൂർ കുറ്റിച്ചിറ ജങ്ഷന് സമീപമുള്ള വീട്ടിൽ തമ്പടിച്ച് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അയത്തിൽ ഗാന്ധി നഗറിൽ ചരുവിൽ ബാബു ഭവനിൽ അശ്വിൻ (21), അയത്തിൽ നടയിൽ പടിഞ്ഞാറ്റ്തിൽ വിഷ്ണു ഭവനത്തിൽ കൊച്ചൻ എന്ന അഖിൽ (23), പറക്കുളം വയലിൽ വീട്ടിൽ അൽ അമീൻ (28), കുറ്റിച്ചിറ വയലില് പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ് (23), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽശ്രീരാഗ് (25) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളാണിവർ.


