തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതുമൂലം 250ഓളം യാത്രക്കാര്‍ ദുരിതത്തില്‍. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഭൂരിഭാഗം യാത്രക്കാരും ഇന്ത്യാക്കാരാണ്.
50 മണിക്കൂറോളമായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടായതുമൂലം വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. പക്ഷെ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് A350-1000 വിമാനത്തിന് പിന്നീട് പറന്നുയരാന്‍ കഴിഞ്ഞില്ല. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഒരു ചെറിയ സൈനിക വിമാനത്താവളമയ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്തിട്ടുള്ളത്. ആവശ്യത്തിന് ഭക്ഷണമില്ലാത്തതും പരിമിതമായ ടോയ്ലറ്റ് സൗകര്യങ്ങളും മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മറ്റൊരു വിമാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ സജീവമായി പരിശോധിക്കുന്നുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള എയര്‍ലൈന്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവളവുമായും മറ്റ് അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


