ജബല്പൂരില് ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ജബല്‍പൂര്‍ വിഷയത്തില്‍ തല്ക്കാലം മറുപടി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
അതേസമയം മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ജബല്‍പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബീ കെയര്‍ഫുള്‍. ജബല്പൂരില് സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സൗകര്യമില്ല – അദ്ദേഹം പറഞ്ഞു.


