കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ വിഷമത്തിന്റെ സാഹചര്യത്തില്‍ അതിവേഗം സ്പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ്. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
അധ്യാപകന്റെ പക്കല്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും നടപടിയെടുക്കാന്‍ സര്‍വ്വകലാശാല വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
ഏപ്രില്‍ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ-മെയില്‍ വഴി അറിയിച്ചത്. എന്നാല്‍ അധിക കുട്ടികളും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. അതേസമയം ഉത്തര പേപ്പര്‍ നഷ്ടമായത് പാലക്കാട് നിന്നാണെന്നും അധ്യാപകന് സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടമായതെന്നാണ് അധ്യാപകന് പറഞ്ഞിരുന്നത്.


