മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന് തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.
അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.


