ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് യാര് ലാപിഡ്. സര്‍ക്കാറിനെതിരെ റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യുദ്ധം വീണ്ടും തുടങ്ങിയതിലൂടെ തങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി വന്ന് ഇത് അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് പറയണമെന്നും ലാപിഡ് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. നിങ്ങള്‍ എല്ലാവരേയും ഞാന്‍ ക്ഷണിക്കുകയാണ്. ഇത് നമ്മുടെ നിമിഷമാണ്. ഭാവിക്ക് വേണ്ടിയുള്ളതാണ് ഈ പോരാട്ടം. ഇത് നമ്മുടെ രാജ്യമാണ്. തെരുവുകളിലേക്ക് വരുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇസ്രാഈലില്‍ നടത്തിയ ആക്രമണങ്ങള്‍ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബെന്യമിന് നെത്യനാഹു വ്യക്തമാക്കിയിരുന്നു. യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടും വരെ ആക്രമണങ്ങള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. മുഴുവന്‍ ബന്ദികളേയും വിട്ടയക്കുന്നത് വരെയും ഹമാസ് സമ്പൂര്‍ണ തകര്‍ച്ച കാണുന്നത് വരെയും ആക്രമണം തുടരുമെന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഞങ്ങളുടെ കരുത്തെന്താണെന്ന് ഹമാസ് കഴിഞ്ഞ 24 മണിക്കൂറിനകം അറിഞ്ഞിട്ടുണ്ടാകും. അവര്‍ക്ക് ഒരു ഉറപ്പ് നല്കാന് ആഗ്രഹിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും ആക്രമണം നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു.
കളിയിലെ നിയമങ്ങള്‍ മാറിയ വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രാഈല്‍ പ്രതിരോധമന്ത്രി പറഞ്ഞു. നരകത്തിന്റെ വാതിലുകള്‍ ഹമാസിന് മുന്നില്‍ തുറക്കും. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രാഈല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ആഴ്ചകള്‍ നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയെ വീണ്ടും ചോരയില്‍ മുക്കിയ ഇസ്രാഈല്‍ ഭീകരതക്ക് പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. കരസേന ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂന്‍ അടക്കം കിഴക്കന്‍ ഗസ്സയില്‍നിന്ന് ആളുകളോട് ഒഴിഞുപോകാന്‍ ഇസ്രാഈല്‍ സേന മുന്നറിയിപ്പും നല്‍കിയതെന്നാണ് സൂചന.
അതിനിടെ, ചൊവ്വാഴ്ച പുലര്‍ച്ച ഗസ്സയില്‍ നൂറിലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയില്‍ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.


