സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കിയത് സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒളിച്ചു കളി തുടരുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല.
2023 ജനുവരിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ വി തോമസിന് പ്രതിമാസം നല്കുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണ്. കഴിഞ്ഞ ജൂലൈ വരെ ഓണറേറിയമായി കെ വി തോമസ്് കൈപ്പറ്റിയത് 17,38,710 രൂപ. പേഴ്സണല്‍ സ്റ്റാഫിന്റെ വേതനമായി കൈപ്പറ്റിയത് 22,17,594 രൂപയും വിമാനയാത്രക്കൂലി ഇനത്തില്‍ 71,8460 രൂപയും വാഹനത്തില്‍ ഇന്ധനം നിറച്ച വകയില്‍ 90,414 രൂപയുമടക്കം ആകെ 47,66,178 രൂപ ജൂലൈ മാസം വരെ ചെലവായിട്ടുള്ളതാണ്.
കേരളാ ഹൗസ് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ക്കാണ് ഈ മറുപടികള്‍ കിട്ടിയത്. കെ വി തോമസിന്റെ പ്രതിമാസ ഓണറേറിയം സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെബ്രുവരി വരെയുള്ള കണക്കുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ വിനീത് തോമസ് പുതിയ അപേക്ഷ നല്‍കിയത്.
കെ വി തോമസിന്റെ സേവനം ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നും യാത്രാബത്ത സംബന്ധിച്ചുള്ള കണക്കുകളെ വ്യക്തമാക്കാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. സേവനം ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നു എന്നതിന് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു കേരളാഹൗസ് അധികൃതരുടെ മറുപടി.
വര്‍ഷത്തില്‍ എത്ര ഔദ്യോഗിക യാത്രകള്‍ നടത്താന്‍ കെ.വി തോമസിന് അനുമതിയുണ്ട് എന്ന ചോദ്യത്തിനും മറുപടിയില്ല. യാത്രാബത്ത നല്‍കുന്നില്ലെന്നും ഒരു ലക്ഷം രൂപാ ഓണറേറിയത്തിനു പുറമേ ദില്ലിയിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് കേരള ഹൗസ് ആണ് വഹിക്കുന്നത് എന്നും മറുപടിയിലുണ്ട്. കെ വി തോമസിന്റെ സേവനം സംസ്ഥാന സര്‍ക്കാരിന് എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനും അറിയില്ല എന്നാണ് മറുപടി.


