യമന്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന യുഎസ് വ്യോമാക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ഹൂതികള്‍ക്കെതിരായ സൈനിക നടപടി.
ഇസ്രാഈലിന് നേരെയുള്ള ഭീഷണിയില്‍ നിന്ന് ഹൂതികള്‍ പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്കി. ചെങ്കടലില്‍ ഇസ്രാഈല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.
യെമനിലെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും യുഎസ് ലക്ഷ്യമിട്ടതായി സാദ ഗവര്‍ണര്‍ മുഹമ്മദ് അവാദ് പ്രാദേശിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. യെമനിലെ മനുഷ്യരുടെ ദുരിതം ഇരട്ടിയാക്കാനാണ് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. യെമനിലെ സാദ നഗരത്തിലെ കാന്‍സര്‍ കേന്ദ്രത്തിലും അമേരിക്കന്‍ സൈന്യം നിരവധി വ്യോമാക്രമങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.


