നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ന് ശേഷം ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ നാല് മടങ്ങായെന്ന് റിപ്പോര്‍ട്ട്. റിലീജിയസ് ലിബര്‍ട്ടി കമ്മീഷന് ഓഫ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പാണ് കണക്ക് പുറത്തുവിട്ടത്. 864 അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വന്‍ അതിക്രമമാണ് ക്രിസ്ത്യന്‍ വിഭാഗം നേരിടുന്നതെന്ന് ആള് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍ പറഞ്ഞു.
മൂന്നാംവട്ടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു. മോദി പ്രധാനമന്ത്രിയാകുന്ന 2014ല്‍ അതിക്രമങ്ങള്‍ 147 ആയിരുന്നെങ്കില്‍ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 640ല്‍ എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ ഏറെയും.
ഉത്തര്‍പ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യന്‍ വിഭാഗം ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളായി മാറി. യുപിയില്‍ 188ഉം ഛത്തീസ്ഗഡില്‍ 150ഉം അക്രമപരമ്പരകളാണ് ഉണ്ടായത്. അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭിച്ചില്ല എന്ന് മാത്രമല്ല പ്രതിയായി ജയിലില്‍ പോകേണ്ടി വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടുംബകൂട്ടായ്മകളും പ്രാര്‍ത്ഥനായോഗങ്ങളും അക്രമിക്കപ്പെടുകയാണ്. പള്ളികള്‍ ആരാധന നടത്താന്‍ കഴിയാത്ത രീതിയില്‍ പുറമേ നിന്ന് പൂട്ടിയ സംഭവങ്ങളുമുണ്ടായി.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍, ക്രിസ്ത്യന്‍ കുടുംബങ്ങളോട് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് വില്ലേജ് കൗണ്‍സില്‍ ചേര്‍ന്ന് അവശ്യപെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ മര്‍ദനവും കുടിയിറക്ക് ഭീഷണിയും നേരിടുകയാണ്. അതേസമയം മതപരിവര്‍ത്തന നിരോധന നിയമവുമായി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അവശ്യപ്പെട്ടിട്ടുണ്ട്.


