ആശാ വര്‍ക്കേഴ്സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ അറിയിച്ചു.
ആശാവര്‍ക്കര്‍മാരുടെ പ്രശ്നം കേന്ദ്ര ധനമന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തിയെന്നും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് കേന്ദ്ര ധനമന്ത്രിയുടെ ഭാഗത്തുനിന്നു ഉണ്ടായതെന്നും എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു. മുഴുവന്‍ വിശദാംശങ്ങളും ധനമന്ത്രി ചോദിച്ചതായും തങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ധനമന്ത്രി ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ജെപി നഡയുമായി കൂടി ആലോചിച്ചതിനു ശേഷം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പ് നല്‍കിയതായും എംപിമാര്‍ അറിയിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം വാങ്ങി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നും 3്ര5 ദിവസമായി മഴയത്തും വെയിലത്തും സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനാവശ്യമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം ശാശ്വതമായ പരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ഓണറേറിയത്തിലെ വര്‍ധനവ്, റിട്ടയര്‍മെന്റ് ബെനിഫിറ്റ്, തുടങ്ങിയ ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥകള്‍ കൃത്യമായി ക്രമീകരിച്ച് ഒരു സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. വിശദമായ നിവേദനം ധനമന്ത്രിക്ക് കൈമാറി അദ്ദേഹം വിശദമാക്കി.


