കാസര്‍കോട് പൈവളിഗെയില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും അയല്‍വാസിയായ യുവാവും മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ എന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്നും സംഭവത്തില്‍ പോക്സോ കേസ് ചുമത്തി അന്വേഷണം വേഗത്തില്‍ നടത്തണമായിരുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
വിദ്യാര്‍ത്ഥിനിയെയും ടാക്സി ഡ്രൈവര്‍ പ്രദീപിനെയും രണ്ട് ദിവസം മുമ്പാണ് വീടിന് സമീപത്തെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തിന്റെ ചില്ലയില്‍ തൂങ്ങിമരിച്ച ഇരുവരുടെയും മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ നേരിട്ടെത്തി കേസ് ഡയറി സമര്‍പ്പിച്ചു.
വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ എന്തുകൊണ്ട് വൈകിയെന്നും ഫോണ്‍ രേഖകള്‍ എപ്പോഴാണ് പരിശോധിച്ചതെന്നും കോടതി ചോദിച്ചു. ഫെബ്രുവരി 12-നു പുലര്‍ച്ചെ കാണാതായ പെണ്‍കുട്ടിക്കുവേണ്ടി പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത് ഫെബ്രുവരി 19-നാണ്. പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്താന്‍ എന്തുകൊണ്ട് വൈകിയെന്നും കോടതി പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ചു.
ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കാണാതായെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. പെണ്‍കുട്ടിയുടെ ഫോണില്‍ ബെല്‍ അടിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


