പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയെന്ന് സിപിഎം നേതാവ് എ പത്മകുമാര്‍. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ ഇടഞ്ഞുനിന്ന പത്മകുമാര്‍ നിലപാട് മയപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു.
പരസ്യ പ്രതികരണത്തിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചെന്നും എ പത്മകുമാര്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്നത് മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അവര്‍ എത്തിയതെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപിക്കാര്‍ വീട്ടില്‍ വന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ടെന്നും ഫെയ്സ്ബുക്കില്‍ അപ്പോഴത്തെ വികാരത്തില്‍ പോസ്റ്റിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്ക് മുമ്പാണ് പാര്‍ട്ടിയില്‍ വരുന്നതെന്നും ചെറുപ്പത്തില്‍ എംഎല്‍എയായിപ്പോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. നാളെ നടക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം’ എന്ന് പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതു വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.
ഇതിനു പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവര്‍ പദ്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ശേഷവും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.


