മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസില്‍ സെക്രട്ടറി സി ജിനേഷും മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ നവീന്‍ ബാബു അസ്വസ്ഥനായെന്നും അദ്ദേഹം കൈക്കൂലി വാങ്ങിക്കാത്ത ആളാണെന്നും ജിനേഷിന്റെ മൊഴിയിലുണ്ട്.
അതേസമയം നവീന്‍ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ സി എ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാന്‍ കളക്ടര്‍ അനുവദിച്ചില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.
യാത്രയയ്പ്പ് ചടങ്ങ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമാണ് അറിയിച്ചിരുന്നതെന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആര്‍ഡിയെ പോലും അറിയിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സിലിന്റെ മൊഴി പ്രകാരം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവീനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന എം ശംസുദ്ദീനും മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഒസി വൈകി ലഭിച്ച സംഭവങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്.
പിപി ദിവ്യ ചടങ്ങിലേക്കെത്തുന്ന കാര്യം തങ്ങള്‍ അപ്പോഴാണ് അറിയുന്നതെന്നും മൊഴിയിലുണ്ട്. പിപി ദിവ്യ വരുന്ന കാര്യം സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയോട് പോലും അറിയിച്ചിരുന്നില്ല. വാരാന്ത്യങ്ങളില്‍ അവധി അപേക്ഷ നല്കുമ്പോള് നവീന്‍ ബാബുവിന് അത് പലപ്പോഴും നിരസിക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ മൊഴി നല്കി.


