തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃസഹോദരന് ലത്തീഫിന്റെ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ നടത്തന്നു. ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. ചുള്ളാളത്തെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ പേരുമലയിലുള്ള വീട്ടിലെത്തിക്കും. കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.
നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തെളിവെടുത്തിരുന്നു.
80,000 രൂപ അഫാന് ലത്തീഫിന് നല്‍കാനുണ്ടായിരുന്നതായും ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തിയതായും പറയുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാന് വെളിപ്പെടുത്തി.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന് (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. സഹോദരന് അഫ്സാന് (13), ബാപ്പയുടെ സഹോദരന് പുല്ലമ്പാറ എസ്എന്‍ പുരം ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സല്‍മാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ അമ്മ ഷെമിക്ക് (40) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
കൊലപാതകങ്ങള്‍ക്ക് പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതോടെ അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ട് ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനായി വിട്ടത്.


