രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും എന്നാല്‍ ഇതിലും വലിയ വെല്ലുവിളികളെ നേരിട്ട് തന്നെയാണ് പിതാമഹന്മാര് സംഘടനയെ ഈ മണ്ണില്‍ വളര്‍ത്തിയതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്ലുവിളികളില്‍ പതറാതെയാണ് മുസ്ലിം ലീഗ് വളര്‍ന്നത്. മതേതരത്വവും ബഹുസ്വരതയും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഈ യാത്ര തുടരും. സമുദായ സമുദ്ധാരണവും ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും എന്തായിരിക്കണം എന്ന് മുസ്ലിം ലീഗിന് കൃത്യമായ ധാരണയുണ്ട്. മുസ്ലിം ലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ആര്‍ക്കും കാണാവുന്നതാണ്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചൂഷണത്തിന്റെ നാളുകള്‍ക്ക് ശേഷം സമുദായത്തിന് അവഗണനയുടെ നാളുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖാഇദെ മില്ലത്ത് മുസ്ലിംലീഗിന് രൂപം നല്‍കിയത്. ആ മുസ്ലിം ലീഗാണ് പില്ക്കാലത്ത് ചരിത്രം സൃഷ്ടിച്ചത്. മുസ്ലിം ലീഗിന്റെ ആശയത്തോട് കിടപിടിക്കുന്ന ഒരു ആശയധാര പിന്നീട് ആര്‍ക്കും ഇന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്ലിം ലീഗ് അതേ പ്രൗഢിയോടെ നിലനില്‍ക്കുന്നത് അത് കൊണ്ടാണ്. വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


