കാസര്‍ഗോട് പൈവളിഗയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടേയും അയല്‍വായിയുടേയും മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തെ പഴക്കം. ഇരുവരുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
അതേസമയം, പൊലീസിനെതിരെ വിമര്‍ശനവുമായി പെണ്‍കുട്ടിയുടെ സഹോദരന് രംഗത്തെത്തി. വീടിന് അടുത്തുണ്ടായിട്ട് പോലും കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ഇത്ര ടെക്നോളജി ഉണ്ടായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ വൈകിയെന്നും സഹോദരന് ആരോപിച്ചു.
പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോസഗസ്ഥന് ഹൈക്കോടതി നിര്‍ദേശം നല്കി. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഫെബ്രുവരി 12 മുതല്‍ പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെണ്‍കുട്ടിയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ അവസാന ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസില്‍ നല്കിയ പരാതി. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.
വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തിരഞ്ഞു നോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫാകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കള്‍ ഉയര്‍ത്തിയിരുന്നു.


