കാസര്‍ഗോട് പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. നിയമത്തിന് മുമ്പില്‍ വി.വി.ഐ.പിയും തെരുവില്‍ താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.
ഫെബ്രുവരി 12 മുതല്‍ പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെണ്‍കുട്ടിയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ അവസാന ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസില്‍ നല്കിയ പരാതി. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.
വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തിരഞ്ഞു നോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫാകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കള്‍ ഉയര്‍ത്തിയിരുന്നു.


