ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകളില്‍ മുന്നോട്ട് പോകാന്‍ താത്പര്യമില്ലാത്ത 35 കേസുകള്‍ അവസാനിപ്പിക്കാന്‍ പൊലീസ്. മൊഴി നല്കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് നീക്കം.
കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴില്‍ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്നത്തെക്കുറിച്ചും ഉള്‍പ്പെടെ കമ്മിറ്റി മുന്‍പാകെ മൊഴി നല്കിയ പലര്‍ക്കും പക്ഷേ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
സിനിമയില്‍ പ്രശ്നം നേരിടേണ്ടി വന്ന സ്ത്രീകളോട് പൊലീസിന് മുന്‍പാകെ എത്തി മൊഴി നല്കാന് നോട്ടീസ് മുഖാന്തരം ആവശ്യപ്പെട്ടെങ്കിലും പലരും മൊഴി നല്കാന് താത്പര്യം പ്രകടിപ്പിച്ചില്ല. ഇതേ തുടര്‍ന്നാണ് 35 കേസുകള്‍ പൊലീസ് അവസാനിപ്പിച്ചത്.
കേസുകള്‍ അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത് മുതലായവര്‍ക്കെതിരായ കേസുകളില്‍ കൃത്യമായി പരാതി ലഭിച്ചിട്ടുള്ളതിനാല്‍ കേസുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.


