മലപ്പുറം താനൂരിലേക്ക് തിരിച്ചെത്തിച്ച പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റി. വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വീട്ടുകാര്‍ക്ക് വിട്ടുനല്‍കുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പോലീസും സി.ഡബ്ല്യു.സിയും രേഖപ്പെടുത്തിയിരുന്നു.
അന്വേഷണസംഘം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഗരീബ്രഥ് എക്സ്പ്രസ് ട്രെയിനിലാണ് പെണ്‍കുട്ടികളുമായി തിരൂരിലെത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം വൈകീട്ട് തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി.
കുട്ടികളെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് കോഴിക്കോട്ടുനിന്ന് ട്രെയിനില്‍ പന്‍വേലില്‍ എത്തിച്ച എടവണ്ണ സ്വദേശിയായ ആലുങ്ങല്‍ അക്ബര്‍ റഹീമിനെ (26) ശനിയാഴ്ച രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫോട്ടോ, വീഡിയോദൃശ്യങ്ങള്‍, തിരിച്ചറിയുന്ന വിധത്തിലുള്ള മറ്റു വിവരങ്ങള്‍ എന്നിവയും കുട്ടികള്‍ക്ക് മാനസികപ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദ് അറിയിച്ചു.


