സിക്കിമിലെ ആശ വര്‍ക്കര്‍മാരുടെ വേതനത്തെ സംബന്ധിച്ച് താന്‍ നിയമസഭയില്‍ നല്കിയ വിശദീകരണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്കാന് വെല്ലുവിളിച്ച മന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.
മന്ത്രി ഇടപെട്ട് അവസരം വാങ്ങിച്ചുതന്നാല്‍ വേതനക്കണക്കില്‍ നിയമസഭയില്‍ സംവാദം തുടരാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. കേരളമാണ് ഏറ്റവുമധികം പണം നല്‍കുന്നത് എന്ന വ്യാജമായ നിര്‍മിതിയില്‍ ഊറ്റംകൊള്ളുകയാണ് ആരോഗ്യമന്ത്രിയെന്നും മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി.
മന്ത്രി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മന്ത്രി വിതണ്ഡവാദങ്ങള്‍ പറഞ്ഞ് കൈയൊഴിയുകയാണ്. നിയമസഭയ്ക്ക് പുറത്തും അകത്തും ആവശ്യങ്ങള്‍ ഉന്നയിക്കും. ഞങ്ങള്‍ സമരംചെയ്ത് കടന്നുവന്നവരാണ്. സഭയ്ക്ക് പുറത്തുവെച്ച് പറയാന്‍ പാടില്ല എന്ന മന്ത്രിയുടെ തോന്നല്‍, സഭയ്ക്കകത്ത് മാത്രം ഇത്തരം കാര്യങ്ങള്‍ സംസാരിച്ച് ശീലമുള്ളതുകൊണ്ടും സമരങ്ങളുടെ ഭാഗമല്ലാതിരുന്നതുകൊണ്ടുമുള്ള തോന്നലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. സഭയ്ക്കകത്ത് അവസരം കിട്ടുമ്പോള്‍ ഉറപ്പായും സംവാദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘2022ല്‍ സിക്കിം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനേയും 2024ല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡീന്‍ കുര്യാക്കോസ് എം.പിക്ക് ലോക്സഭയില്‍ നല്കിയ മറുപടിയേയുമാണ് മന്ത്രി റദ്ദ് ചെയ്യുന്നത്. വാര്‍ത്തകളോടും വാര്ത്താവതാരകരോടും മാധ്യമങ്ങളോടും കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഇപ്പോള്‍ പരമപുച്ഛമാണ്. അത് വന്നവഴിയോടുള്ള മറവികൊണ്ടുള്ള പ്രശ്നമാണ്’, മറ്റ് സംസ്ഥാനങ്ങളിലെ ആശമാരുടെ വേതന കണക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
‘കേരളത്തിന്റെ ആരോഗ്യമന്ത്രി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇനിയും മനസിലാകുന്നില്ല. അവരുടെ അടിസ്ഥാനവാദമെന്താണ്? അവര്‍ എന്തിനെയാണ് വാദിച്ചുതോല്പ്പിക്കാന് ശ്രമിക്കുന്നത്? സിക്കിമിലെ കോര്‍ഡിനേറ്ററോട് സംവദിക്കാന്‍ കാണിക്കുന്ന മത്സരബുദ്ധിയുടെ ആയിരത്തില്‍ ഒരംശംപോരെ അവരുടെ കണ്ണിനുമുന്നില്‍ സമരമിരിക്കുന്ന സാധുസ്ത്രീകളോട് സംസാരിക്കാന്‍? മാസം ഏഴായിരം രൂപയ്ക്ക് ജീവിച്ചുകാണിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. മന്ത്രി നടത്തിക്കാണിക്കട്ടെ. എന്നിട്ടുപറയട്ടെ, ഒരുകുടുംബത്തിന് ഒരുമാസം തികയ്ക്കാന്‍ ഏഴായിരം രൂപ ധാരളമാണെന്ന്. എങ്കില്‍ ഈ വാദത്തെയെല്ലാം അംഗീകരിച്ചുകൊടുക്കാം’, രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.


