കോഴിക്കോട് പ്രവേശന പരീക്ഷാകേന്ദ്രം അനുവദിച്ച് ജാമിഅ മില്ലിയ ഇസ്ലാമിയ. നേരത്തെ ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരത്തെത് ഒഴിവാക്കിയ സര്‍വകലാശാല നടപടിയില്‍ എംപിമാരും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു.
സര്‍വ്വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് എംപിമാരും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഹാരിസ് ബീരാന് എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍ലര്‍ക്ക് കത്തയച്ചിരുന്നു. പി. സന്തോഷ് കുമാര്‍ എം.പിയും ശശി തരൂരുമടക്കം വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്ററുകള്‍ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാര്‍ഥികളുടെ അഡ്മിഷന് സ്വപ്നങ്ങള്‍ക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. മറ്റ് ഇടങ്ങളില്‍ പോകുമ്പോള്‍ യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികള്‍ക്കുണ്ടാകും.
ഡല്‍ഹി, ലഖ്നൗ, ഗുവാഹത്തി, പട്ന, കൊല്‍ക്കത്ത, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജാമിഅ പ്രവേശന പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി തിരുവനന്തപുരം ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലും പുതിയ സെന്ററുകള്‍ അനുവദിക്കുകയായിരുന്നു.


