കോഴിക്കോട്: ലഹരി ഉപയോഗവും ലഹരി മാഫിയ സംഘങ്ങളുടെ തേരോട്ടവും വര്‍ധിച്ചു വരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഭരണകൂടം ഇത്തരക്കാരെ പ്രതിരോധിക്കാന്‍ മുന്നോട്ടു വരണമെന്നാവശ്യപെട്ട് മുസ്ലിം
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വതില്‍ നാളെ (ശനിയാഴ്ച) രാത്രി കോഴിക്കോട് ബീച്ചില്‍ നൈറ്റ് അലേര്‍ട്ട് സംഘടിപ്പിക്കും. രാത്രി 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യൂത്ത് റാലിയോടെയാണ് നൈറ്റ് അലെര്‍ട്ടിന് തുടക്കമാവുക. മുസ്ലിം
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിവിധ സാമൂഹ്യ, രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും.
ക്യാമ്പസുകളും തെരുവുകളും ലഹരി മാഫിയ കീഴടക്കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ കേരളമുള്ളത്. ഇതുമൂലമുണ്ടാകുന്ന മഹാ അക്രമങ്ങളെയും കൊലപാതകങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ ഉറക്കം കെടുത്താനും തിരുത്തലാക്കാനും വേണ്ടിയാണ് ഇത്തരം സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. പുതിയ നിയമ നിര്‍മ്മാണം നടത്തി കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേരളത്തിലെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടും ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇത്തരം നിലപാട് തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുസ്ലിം
യൂത്ത് ലീഗ് രംഗത്തുണ്ടാകും.
ഇത് സംബന്ധമായി ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന് കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്, സയ്യിദലി തങ്ങള്‍, ഷഫീക്ക് അരക്കിണര്‍, എസ്.വി ഷൗലീക്ക്, ഒ.എം നൗഷാദ്, എം ടി സൈദ് ഫസല്‍, വി അബ്ദുല്‍ ജലീല്‍, ഹാരിസ് കൊത്തിക്കുടി, എം പി ഷാജഹാന്, കെ പി സുനീര്‍, സിറാജ് ചിറ്റേടത്ത്, ശുഐബ് കുന്നത്ത്, സമദ് നടേരി ചര്‍ച്ചയില്‍ പങ്കെടുത്തു.


