പത്തനംതിട്ട മൈലാടുപാറയില്‍ 17 വയസുകാരി ബക്കറ്റ് കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്ന് പരാതി. പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൈലാട് പാറ സ്വദേശിനി രമയ്ക്കാണ് പരുക്കേറ്റത്.
പിന്നാലെ രമ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളം പിടിക്കുന്നതിനിടയില്‍ പെണ്‍കുട്ടി ബക്കറ്റ് എടുത്തുമാറ്റി ആക്രമിച്ചുവെന്ന് വീട്ടമ്മ പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പൊതു ടാപ്പിന്റെ സമീപത്തു വെച്ചാണ് അക്രമം നടന്നത്. തര്‍ക്കത്തിനിടെ രമയുടെ തലയില്‍ അടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുകള്‍ ഉണ്ട്.
നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. മുമ്പും പെണ്‍കുട്ടിയില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി രമ വെളിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


