പികെ കുഞ്ഞാലിക്കുട്ടി
ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് മൂന്നാണ്ട് പൂര്‍ത്തിയാവുകയാണ്. തങ്ങളുടെ വിയോഗം പാര്‍ട്ടിക്കും സമുദായത്തിനും നല്‍കിയത് വലിയ വിടവാണ്. തങ്ങളുടെ ഓര്‍മകള്‍ കുട്ടിക്കാലം മുതലേ എന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരോടൊപ്പമെല്ലാം ഒരുപോലെ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരോ കാലം എന്ന് വേര്‍തിരിച്ച് അടയാളപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ചേര്‍ന്നു നില്ക്കലായിരുന്നു അത്. പൂക്കോയ തങ്ങളില്‍ നിന്നാരംഭിച്ച് ഇന്ന് സാദിഖലി ശിഹാബ് തങ്ങളില്‍ വരെ എത്തിനില്‍ക്കുകയാണ് ആ യോജിപ്പും ഐക്യവുമെല്ലാം,
ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ ഘടകമായ മലപ്പുറം ജില്ലാകമ്മറ്റിയുടെ പ്രസിഡന്റ് എന്ന നിലയില്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുമായിരുന്നു. ജയപരാജയങ്ങളുടെ വിലയിരുത്തല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയ ഗൗരവതരമായ കൂടിയാലോചനകള്‍ എന്നിവയിലെല്ലാം അന്നുതന്നെ ഹൈദരലി ശിഹാബ് തങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പാണക്കാട് എന്തു യോഗം ചേരുകയാണെങ്കിലും എല്ലാ തങ്ങന്മാരുടെയും സാന്നിധ്യം എന്നത് ഒരു കിഴ്വഴക്കമാണ്. പിന്നീട് സംസ്ഥാന അധ്യക്ഷ പ ദവിയില്‍ എത്തിയപ്പോഴും ഹൈദരലി ശിഹാബ് തങ്ങളും അതേ പാരമ്പര്യത്തില്‍ തന്നെയായിരുന്നു മുന്നോട്ടുനീങ്ങിയത്. എല്ലാ കാര്യങ്ങളിലും എല്ലാവരുടെയും സാന്നിധ്യം അദ്ദേഹം ഉറപ്പുവരുത്തുമായിരുന്നു.
സൗമ്യശീലമായിരുന്നു ഹൈദരലി തങ്ങളുടെ ഏറ്റവും വലിയ സവിശേഷത. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാനും സ്നേഹോഷ്മളമായ രീതിയില്‍ പെരുമാറാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഏവരുടെയും പ്രിയങ്കരനാക്കി തങ്ങളെ മാറ്റുകയായിരുന്നു. മതപരമായ നിഷ്ട, കാര്യങ്ങളിലെ കൃത്യനിഷ്ഠത, ആത്മാര്‍ത്ഥത തുടങ്ങിയവയെല്ലാം ഹൈദരലി തങ്ങളുടെ സവിശേഷതയായിരുന്നു. പിതാവില്‍ നിന്ന് പ്രത്യേകമായി ലഭിച്ച പരിചരണം ഈ ഗുണങ്ങളെല്ലാം സ്വാംശീകരിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കി എന്നത് എടുത്തുപറയേണ്ടതാണ്. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലക്ക് മുസ്ലിംലീഗ് പ്രസ്ഥാനത്തിന് വന്‍ മുന്നേറ്റമാണ് തങ്ങളുടെ കാലത്തുണ്ടായത്. പാര്‍ലിമെന്റ്, നിയമസഭാ തുടങ്ങിയ വിവിധ സംവിധാനങ്ങളിലെ പ്രാതിനിധ്യത്തിലും അത് പ്രകടമായിരുന്നു. രാഷ്ട്രീയ രംഗത്ത് മാത്രമല്ല വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം തങ്ങളുടെ ഇടപെടല്‍ സജീവമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്തിട്ടുള്ള അഭിമാന പുരോഗതി അതിശക്തമായി തന്നെ തങ്ങളുടെ കാലത്ത് മുന്നോട്ടുപോയി. സാമുദായിക സംഘടനകള്‍ അഭിപ്രായാന്തരങ്ങളെല്ലാം മാറ്റിവെക്കാന്‍ തങ്ങളുടെ ഇടപെടല്‍കൊണ്ട് സാധ്യമായിരുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ സാധിക്കും. അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നായിരുന്നു മാസപ്പിറവിയുമായി ബന്ധപ്പെട്ട ഏകീകരണം, തങ്ങള്‍ പറഞ്ഞാല്‍ ഞങ്ങളെല്ലാം അംഗീകരിക്കാം എന്ന സമുദായ നേതാക്കളുടെ ഒറ്റക്കെട്ടായ പ്രഖ്യാപനം ഇന്നും ഓര്‍ത്തുപോവുകയാണ്. ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ അളവുകോലായിരുന്നു അവസാനമായി ആ ഭൗതിക ശരീരം ഒരു നോക്കുകാണാന്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍. എല്ലാവരെയും ഒരു നോക്കു കാണിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞ ഘട്ടമായിരുന്നു.
ഒടുവില്‍ ആയിരങ്ങളെ ബാക്കിയാക്കി വളരെ ശ്രമകരമായാണ് തങ്ങളുടെ മയ്യിത്ത് ഖബറിലേക്കെടുത്തത്. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള ഈ കുത്തൊഴുക്ക് എല്ലാ വിഭാഗം ജനങ്ങള്‍ക്കും തങ്ങള്‍ എത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു എന്നതിന്റെ തെളിവാണ്. പാണക്കാട് കുടുംബം സമൂഹത്തിന്റെയും സമുദായത്തിനും എത്രത്തോളം അത്താണിയായിരുന്നുവെന്നതിന്റെ നിദര്‍ശനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും പൂക്കോയതങ്ങളുടെയെല്ലാം വിയോഗാനന്തരം ഒഴുകിയെത്തിയ ജനസാഗരം. കേരളത്തിലെ ഓരോദേശവും ഈ കുടുംബത്തിന്റെ സുകൃതം അനുഭവിച്ചറിയുകയായിരുന്നു. രാഷ്ട്രീയ രംഗത്തു മാത്രമല്ല, മദ്രസകളായും മസ്ജിദുകളായും മഹല്ലുകളായും സാംസ്കാരിക വിദ്യാഭ്യാസ മന്ദിരങ്ങളായുമെല്ലാം ആ കുടുംബത്തിന്റെ സാന്നിധ്യവും സ്വാധീനവും ജനം തിരിച്ചറിയുകയാണ്.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സ്വാധിനവും സാധ്യതയുമെല്ലാം പാണക്കാട് കുടുംബവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. സമുദായത്തിലിന്നു കാണുന്ന എല്ലാ പുരോഗതികളുടെയും നിദാനവും ആ കുടുംബം തന്നെയായിരുന്നു. ആ ധന്യ പാരമ്പര്യത്തിന്റെ കൈവഴിയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് വേര്‍പാടിന്റെ ഈ മൂന്നാം വര്‍ഷത്തിലും നാം തിരിച്ചറിയൂകയാണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിലൂടെയും പാണക്കാട്ടെ മറ്റുള്ള എല്ലാ തങ്ങന്മാരിലൂടെയും ആ സുകൃതം ഇന്നും അംഭംഗുരം തുടരുകയാണ്. മുന്ഗാമികളുടേതു പോലെ തന്നെ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗവും മനസ്സില്‍ മായാതെ ഒരു വേദനയായി നിലകൊള്ളുകയാണ്. നാഥന് അദ്ദേഹത്തിന്റെ പദവി ഉയര്ത്തിക്കൊടുക്കുമാറാകട്ടേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്.


