തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ കൂടുതല്‍ മൊഴി പുറത്ത്. ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താന്‍ ഉറപ്പിച്ചതെന്ന് പ്രതി അഫാന്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരോടാണ് അഫാന് ഇക്കാര്യം വിശദീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അഫാനെ ജയിലിലേക്ക് കഴിഞ്ഞ ദിവസംം മാറ്റിയിരുന്നു. ഇതിനു മുമ്പായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ് അഫാന് ഇക്കാര്യം പറഞ്ഞത്.
”ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെണ്‍സുഹൃത്തിനോടുമായിരുന്നു. കടം വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വായ്പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും പെണ്സുഹൃത്തുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കടബാധ്യതയുടെ പേരില്‍ ബന്ധുക്കളില്‍ പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു”-അഫാന് വിശദീകരിച്ചു.
ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മാറ്റിയിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ, അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. അതോടെ ഉച്ചക്ക് രണ്ടിന് ജയില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയും ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.


