മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഇടക്കൊച്ചിയില്‍ ഇടഞ്ഞ ആനയെ തളച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു ജ്ഞാനോദയം സഭ ക്ഷേത്രത്തിന് സമീപം ഊട്ടോളി മഹാദേവന് എന്ന ആന ഇടഞ്ഞത്. തിടമ്പ് ഏറ്റുന്നതിനു മുന്‍പ് കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായാണ് ഊട്ടോളി മഹാദേവനെ എത്തിച്ചത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കുളിപ്പിക്കുന്നതിന് സൗകര്യമില്ലാത്തതിനാല്‍ ആനയെ ജ്ഞാനോദയം സഭ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ കുളിപ്പിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു.
ഇടഞ്ഞോടിയ ആന ക്ഷേത്ര വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. ആനയുടെ ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ മതിലും തകര്‍ന്നു. ആനയെ ആദ്യം തളച്ചെങ്കിലും പിന്നീട് ചങ്ങല പൊട്ടിക്കുകയും വീണ്ടും അക്രമാസക്തനാവുകയുമായിരുന്നു. തളയ്ക്കാനെത്തയവര്ക്ക് നേരെ ആന പാഞ്ഞെടുത്തു. 7.15 ഓടെയാണ് ആനയെ തളയ്ക്കാനായത്.


