ഏറ്റുമാനൂര്‍ പാറോലിക്കലില്‍ അമ്മയും രണ്ട് പെണ്മക്കളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മൂവരെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിന് ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി ( 43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങിയ ഭാര്യയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലില്‍ ഷൈനിയുടെ വീട്ടിലായിരുന്നു താമസം.
സംഭവ ദിവസം പുലര്‍ച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഷൈനിയും മക്കളും വീട് വിട്ടിറങ്ങുകയും പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പൊലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയായിരുന്നു ആത്മഹത്യ.


