രാജസ്ഥാനില്‍ റെയ്ഡിനിടെ പൊലീസുകാരെന്റ കാല്ക്കീഴില് ഞെരിഞ്ഞമര്‍ന്ന് നവജാത ശിശു മരിച്ചു. നൗഗാവ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള രഘുനാഥ്ഗഡ് ഗ്രാമത്തിലാണ് സംഭവം. കൂലിത്തൊഴിലാളിയായ ഇമ്രാന് ഖാന്റെ വീട്ടില്‍ പുലര്‍ച്ചെ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് അമ്മയുടെ അരികില്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്കെതിരെ കുടുംബം പരാതി നല്കി.
ഇമ്രാന് ഖാന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിക്ക് ഇമ്രാന് ഖാന്റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ മുന്‍കൂട്ടി വിവരം നല്‍കാതെ അതിക്രമിച്ചു ഉള്ളിലേക്ക് കടക്കുകയും റെയ്ഡ് നടത്തുകയും ചെയ്തത്. ഇതിനിടെ അമ്മയുടെ അരികില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞ് പോലീസുകാരന്റെ കാലിനടിയില്‍ പെട്ട് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
‘ഞാന്‍ എന്റെ കുഞ്ഞു മകളുമായി കട്ടിലില്‍ ഉറങ്ങുമ്പോള്‍, പോലീസുകാര്‍ പെട്ടെന്ന് മുറിയിലേക്ക് കയറി വന്നു. എന്നെ മുറിയില്‍ നിന്ന് പുറത്താക്കി. എന്റെ ഭര്‍ത്താവിനെയും അവര്‍ പുറത്താക്കി. അവര്‍ എന്റെ കുഞ്ഞു മകളുടെ തലയില്‍ ചവിട്ടി കൊന്നു,’ കുഞ്ഞിന്റെ അമ്മ റസിദ ഖാന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത് കൊലപാതകമാണ്, തനിക്ക് നീതി വേണമെന്നും അവര്‍ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാനെതിരെ കേസുകള്‍ ഒന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുഞ്ഞിന്റെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ആല്‍വാര്‍ എസ്പി (റൂറല്‍) യുടെ വസതിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ടികാറാം ജൂലി കൊലപാതകത്തെ അപലപിക്കുകയും പോലീസ് ഭീകരരെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിക്കുകയും ചെയ്തു.


