തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം.
ഓണറേറിയം വര്‍ധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിച്ച കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആര് സിന്ധു പറഞ്ഞു. ‘സുരേഷ് ഗോപി എല്ലാവര്ക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല’ എന്നിങ്ങനെയായിരുന്നു കൊച്ചിയില്‍ കെ.എന്‍. ഗോപിനാഥിന്റെ അധിക്ഷേപ പരാമര്‍ശം. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആശ വര്‍ക്കര്‍മാരുടെ സമരത്തിനുള്ളതെന്ന് എ.ആര് സിന്ധു പറഞ്ഞു.
സമരം ചെയ്യുന്നത് സ്ത്രീകള്‍ ആകുമ്പോള്‍ ബഹുമാനത്തോടെയല്ലാതെ വാക്കുകള്‍ ഉപയോഗിക്കുന്നത് സി.ഐ.ടി.യു നയം അല്ലെന്നും കേന്ദ്രസര്‍ക്കാറിന്റെ ചുമതല മറച്ചുവെച്ചുകൊണ്ടാണ് സമരം കൊണ്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇന്‍സെന്റിവുകള്‍ മുടങ്ങി കിടക്കുകയാണ്. സംസ്ഥാന വിഹിതങ്ങള്‍ ഒരു കാരണവുമില്ലാതെ കേന്ദ്രം തടഞ്ഞു വെക്കുന്നു.
അടിസ്ഥാന പ്രശ്നങ്ങള്‍ മറച്ചു വച്ചാണ് സമരം. സമരം കളങ്കമറ്റതല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്നും കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് അംഗണവാടി ജീവനക്കാര്‍ക്ക് പെന്ഷന് പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും സിന്ധു പറഞ്ഞു.


