ബിജെപിക്കൊപ്പം ചേരാനുള്ള സാധ്യതകള്‍ തള്ളി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ബിജെപിക്കൊപ്പം ചേരാനുള്ള പദ്ധതികള്‍ ഇല്ലെന്നും ജമ്മു കശ്മീരിന്റെ രാഷ്ട്രീയ ചിന്തകള്‍ വേറിട്ടതാണെന്നും ഒമര്‍ അബ്ദുല്ല വ്യക്തമാക്കി. ജമ്മു കാശ്മീര്‍ നിയമസഭയിലെ ആദ്യ ബജറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിക്കൊപ്പമുള്ള സഖ്യത്തിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. അതിനുള്ള സാധ്യതകളുമില്ല. ജമ്മു കശ്മീരിന്റെ ചിന്തകള്‍ തികച്ചും വേറിട്ടതാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തും.’ ഒമര്‍ അബ്ദുല്ല പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സംഭാവനകളെ ഒമര്‍ പ്രശംസിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രധാന ക്ഷേമ സംരംഭങ്ങള്‍ക്കും പിന്നിലെ സിങ്ങിന്റെ സംഭാവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.”വിഭജിക്കപ്പെടാത്ത ഇന്ത്യയിലാണ് മന്മോഹന് സിങ് ജനിച്ചത്. ഓക്സ്ഫോര്‍ഡിലും കേംബ്രിജിലും പഠിച്ചു. ഒരു ഓഫീസറായി തുടങ്ങി ശേഷം ധനമന്ത്രിയായി പിന്നീട് പ്രധാനമന്ത്രിയായി. അദ്ദേഹം ധനമന്ത്രിയായപ്പോള്‍ നമ്മുടെ രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. ഇന്ന് നമ്മള് ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില് ഒന്നാണ്. ലൈസന്‍സ് രാജ് നിര്‍ത്തലാക്കിയതോടെ സ്വകാര്യ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇന്ദിര ആവാസ് യോജന, എംജിഎന്‍ആര്‍ഇജിഎ തുടങ്ങിയ മുന്‍കൈകള്‍ അദ്ദേഹം സ്വീകരിച്ചു.-”ഒമര്‍ അബ്ദുള്ള പറഞ്ഞു.
മന്മോഹന് സിങ്ങിന്റെ കാലത്ത് ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ച് ഒമര്‍ സംസാരിച്ചു. തൊഴില്‍ മേഖലകള്‍ വികസിപ്പിക്കുകയും കാശ്മീരി പണ്ഡിറ്റുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അവര്‍ കശ്മീരിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ജമ്മു-ശ്രീനഗര്‍ ദേശീയ പാത ആരംഭിച്ചതും ബനിഹാളിലേക്കുള്ള ട്രെയിന്‍ നിര്‍മാണം തുടങ്ങിവച്ചതും അദ്ദേഹമാണ്. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ മുന്‍ പാകിസ്ഥാന് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫും മന്മോഹന് സിങ്ങും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


