ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളികള്‍ക്ക് നേരെ വര്‍ഗീയ വിദ്വേഷവുമായി ഹിന്ദുത്വ വാദികള്‍. തീവ്ര ഹിന്ദുത്വ വാദികള്‍ മസ്ജിദുകള്‍ക്ക് നേരെ ഓം എന്ന് തെളിയുന്ന ലേസര്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും കാവി പതാകകള്‍ ഉയര്‍ത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലുമാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഫെബ്രുവരി 26 ന് വൈകുന്നേരം മഹാശിവരാത്രി സമയത്ത് നടത്തിയ ശോഭ യാത്ര മസ്ജിദുകളുടെ മുന്നില്‍ മനഃപൂര്‍വം നിര്‍ത്തുകയും പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ലേസര്‍ ലൈറ്റുകളും ഉപയോഗിക്കുകയുമായിരുന്നു.
ഫര്ഹാന് യാഹിയ എന്ന റിപ്പോര്‍ട്ടര്‍ എക്സില്‍ പങ്കിട്ട സംഭവത്തിന്റെ വീഡിയോയില്‍, പഴയ ഡല്‍ഹിയിലെ സാംസ്കാരിക പ്രാധാന്യമുള്ള രണ്ട് പള്ളികളായ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലും കാവി പതാകകള്‍ വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം ഡി.ജെ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ലേസര്‍ ലൈറ്റുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് കാണാം.
വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര് പൊലീസിനെ ടാഗ് ചെയ്യുകയും കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ മതപരമായ സംഘര്‍ഷം സൃഷ്ടിക്കുകയും ഒടുവില്‍ കലാപത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ചോ നടപടിയെടുക്കണമെന്ന വര്‍ധിച്ചുവരുന്ന ആഹ്വാനങ്ങളെക്കുറിച്ചോ ഡല്‍ഹി അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.


