തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പിറന്നാള്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എക്സിലൂടെയാണ് സ്റ്റാലിന് രാഹുല്‍ പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും ഫെഡറല്‍ ഘടനയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും ഒരുമിച്ച് തുടരുമെന്ന് രാഹുല്‍ ഗാന്ധി എക്സ് പോസ്റ്റില്‍ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനായി അദ്ദേഹത്തിന് ആരോഗ്യമുണ്ടാകട്ടെയെന്നും രാഹുല്‍ ആശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാലിന് ആശംസയറിയിച്ചിരുന്നു. സ്റ്റാലിന് ആരോഗ്യകരമായ ഒരു ജീവിതം ദീര്‍ഘകാലത്തേക്ക് നയിക്കട്ടെയെന്നായിരുന്നു മോദിയുടെ ആശംസ. സ്റ്റാലിന് ആശംസയിറയിച്ച് തമിഴ് സിനിമതാരങ്ങളായ രജനീകാന്തും വിജയും രംഗത്തെത്തിയിട്ടുണ്ട്.
തമിഴ് ഭാഷയും സംസ്കാരവും ഒരുപാട് സമ്മര്‍ദങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം സ്റ്റാലിന് അതിനെ പ്രതിരോധിക്കാനായി മുന്‍നിരയിലുണ്ടായിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് കമല്ഹാസന് പറഞ്ഞു. തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ സ്റ്റാലിന് നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പിറന്നാള്‍ കൂടി വരുന്നത്.
നേരത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകള്‍ ഇല്ലാതായെന്ന് സ്റ്റാലിന് പറഞ്ഞു. ഉത്തര്‍പ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാര്‍ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിന് ആരോപിച്ചിരുന്നു.


