കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത്. ”ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാല്‍ കൊന്നിരിക്കും” എന്ന് കൊലവിളി നടത്തുന്നതും ചാറ്റിലുണ്ട്.
കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്നമില്ലെന്നും പോലീസ് കേസെടുക്കില്ലെന്നും ഗ്രൂപ്പ് ചാറ്റില്‍ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയെന്നും ചാറ്റില്‍ പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മര്‍ദനം എന്ന് ഷഹബാസിന്റെ പിതാവ് നേരത്തെ പറഞ്ഞത് ശരി വയ്ക്കുന്നതാണ് ചാറ്റ്. എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി, ഇതിലൂടെയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തത്.
വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതല്‍ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും. അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.
അക്രമികളുടെ കയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദനം. കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര് നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ട്യൂഷന് സെന്ററിലെ യാത്രായയപ്പ് പരിപാടിക്കിടെയായിരുന്നു ആദ്യം സംഘര്‍ഷമുണ്ടായത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുന്നതിനിടെ പാട്ട് നിന്നതിനെ തുടര്‍ന്ന് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവി വിളിച്ചതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ഇതിന് പ്രതികാരം ചെയ്യനായിരുന്നു ക്രൂര മര്‍ദനം നടന്നത്.


