കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സമര പരമ്പരക്കൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ താഴെ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ സമര പരിപാടികള്‍ക്കാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് നേതൃത്ത്വയോഗം രൂപം നല്‍കിയത്. എല്ലാനിലയിലും ജനദ്രോഹമായിരിക്കുകയാണ് കേന്ദ്ര, കേരള സര്‍ക്കാറുകള്‍. ഒരു നിലക്കും ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെയാണ് ഇരു സര്‍ക്കാറും മുന്നോട്ടുപോകുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നനങ്ങള്ക്കൊന്നും സര്‍ക്കാറുകള്‍ ചെവികൊടുക്കുന്നില്ല. സൈ്വര്യമായി ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാറുകള്‍ അമ്പേ പരാജയമാണ്. തികച്ചും വഴിമുട്ടിയ അവസ്ഥയിലാണ് യു.ഡി.എഫിന്റെ സമര പരമ്പര വരുന്നത്. അതിനാല്‍തന്നെ സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
ലഹരി വ്യാപനത്തിലും അക്രമ – കൊലപാതക പരമ്പരകളിലും ഇടതു സര്‍ക്കാരിന് നൂറു മാര്‍ക്കാണ്. സംസ്ഥാനത്ത് മദ്യമൊഴുക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനം രാസലഹരിയുടെ പറുദീസയായി മാറിയിട്ടുണ്ട്. കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരും എക്സൈസ് വകുപ്പും തികഞ്ഞ പരാജയമാണ്. കുട്ടികള്‍പോലും ലഹരിക്കടിമകളായി മാറുന്നു. സമൂഹത്തെ നയിക്കേണ്ട വരുംതലമുറ ലഹരിയില്‍ മയങ്ങു കയാണ്. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ 21 വയസ്സിന് താഴെയുള്ള 4000ത്തില്‍ പരം കുട്ടികളെയാണ് മയക്കുമരുന്ന് ഉപയോഗം കാരണം വിവിധ ഡി അഡിക്ഷന് സെന്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും അതില്‍ 40 ശതമാനംപേരും 18 വയസ്സിന് താഴെയുള്ളവരാണ് എന്നുമുള്ള കണക്കുകള്‍ നിയമസഭയില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് അവതരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും ലഹരി ഉപയോക്താക്കളുടെ വിഹാരകേന്ദ്രമാകുന്നതും ഗ്രാമ പ്രദേശങ്ങളില്‍ പോലും ലഹരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും വലിയ ഭീഷണിയാണ്. ലഹരി സ്വാധീനത്തില്‍നിന്നാണ് യുവതലമുറയില്‍ നല്ലൊരു ഭാഗം അക്രമസ്വഭാവത്തിലേക്കും ഗുണ്ടായിസത്തിലേക്കും മാറുന്നത്. ക്രിമിനല്‍ കേസുകളില്‍ നല്ലൊരു ശതമാനം പ്രതികളുടെ അക്രമസ്വഭാവത്തിന് കാരണം മദ്യവും മയക്കു മരുന്നുമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലഹരി വ്യാപനത്തിലും അക്രമ-കൊലപാതക പരമ്പരകളിലും സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടാന്‍ മാര്‍ച്ച് അഞ്ചിന് ഏകദിന ഉപവാസം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തിരുമാനം. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസ സമരം.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ അതിരൂക്ഷമാണ്. ഒന്നര മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ഏഴു പേരാണ് മരിച്ചത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 800 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 30 ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യവന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. വന്യജീവികളെ സം രക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. മലയോര മേഖലയില്‍ സംഘര്‍ഷവും ഭീതിയും നിലനില്‍ക്കുന്നതിനിടയിലാണ് വനംനിയമ ഭേദഗതി നടപ്പാക്കാനും ഈ സര്‍ക്കാര്‍ ശ്രമം നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരങ്ങള്‍ നല്കി മലയോര ജനതയെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിന്‍വലിക്കപ്പെട്ട നിയമഭേദഗതിയിലെ ഓരോ വ്യവസ്ഥകളേയും കഴിഞ്ഞ ദിവസവും വനംമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചിരുന്നു. അവസരം കിട്ടിയാല്‍ വനംനിയമ ഭേദഗതി കൊണ്ടുവരുമെന്ന നിലപാടാണ് സര്‍ക്കാരിന് ഇപ്പോഴുമുള്ളത്. 2016 മുതല്‍ വിവിധ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട 3611 പേരുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. വന്യജീവി ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 10ന് ജില്ലാ ആ സ്ഥാനങ്ങളിലെ ഫോറസ്റ്റ് ഓഫീസുകളിലേക്ക് ജില്ലാ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. വന്യജീവി നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര വനം മന്ത്രിയെയും കാണുകയും ചെയ്യും.
എസ്.സി., എസ്.ടി ഫണ്ട്, ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ എന്നിവ വെട്ടിക്കുറച്ചതില്‍ മാര്‍ച്ച് 13ന് കൊച്ചിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ദലിത് – ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിര്‍ത്തിയാകും പ്രതിഷേധം. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് തടഞ്ഞുവെക്കുന്നതുകാരണം സംസ്ഥാന വികസന മുരടിപ്പിലാണ്. പ്ലാന്‍ ഫണ്ടുകള്‍ നല്കാത്തതിനാല് തദ്ദേശ സ്ഥാപനങ്ങള്‍ ശ്വാസം മുട്ടുകയാണ്. ഇതിനെതിരെ ഏപ്രില്‍ നാലിന് വൈകുന്നേരം നാലു മണി മുതല്‍ അഞ്ചിന് രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളുടെ മുന്നില്‍ രാപ്പകല്‍ ധര്‍ണ സംഘടിപ്പിക്കും.
വളരെ ഗൗരവമുള്ള വിഷയമാണ് കടല്‍ മണല്‍ ഖനനം. 12 നോട്ടിക്കല്‍ മൈലിന്റെ അകത്ത് നിന്നും പുറത്ത്നിന്നും 48 മീറ്റര്‍ മുതല്‍ 62 മീറ്റര്‍ വരെ ആഴത്തില്‍ കടല്‍ മണല്‍ ഖനനം നടത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കൊല്ലത്ത് ഏറ്റവും കൂടുതല്‍ ധാതുനിക്ഷേപമുള്ള സ്ഥലത്താണ് ഖനനം നടത്തുക. വലിയ കച്ചവടമാണ് ഇതിലൂടെ നടക്കുന്നത്. ഇല്‍മനൈറ്റും റൂട്ടൈലും ഉള്ള സ്ഥലമാണ്. 745 ദശലക്ഷം ടണ്‍ ആണ് കേരള തീരത്തുള്ളത്. ഒരു ദശലക്ഷം ടണിന് 4700 കോടി രൂപയാണ്. പതിനായിരം കോടി രൂപയുടെ കച്ചവടത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. ഒരു വശത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോള്‍ മറുവശത്ത് കേന്ദ്രവുമായി സന്ധിചെയ്യുകയാണ്. സി.പി.എം. ഭരണമുന്നണിയുടെ ഇരട്ടത്താപ്പ് ജനം മനസിലാക്കണം. തിരശോഷണം സംഭവിക്കുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്ന അവസ്ഥ വന്നുചേരും. തീരദേശ ജനത അനുഭവിക്കുന്ന പ്രശ്നനങ്ങളെ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് തിരദേശ യാത്ര സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 21 ന് കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്തുനിന്നും ആരംഭിച്ച് 30ന് തിരുവനന്തപുരം വിഴിഞ്ഞം കടപ്പുറത്ത് യാത്ര സമാപിക്കും. യു.ഡി.എഫിന്റെ സമരം സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ നമുക്കൊരുമിച്ചു പോരാടാം.


