മുതിര്‍ന്നവരും മകനെ മര്‍ദിച്ചതായി താമരശ്ശേരിയില്‍ ക്രൂരമര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ്. ഫെയര്‍വെല്‍ പരിപാടിക്കിടെ ഡാന്‍സ് കളിക്കാനാവത്തതില് പരിഹസിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷം ഏറ്റുമുട്ടലിലെത്തിയതോടെ ഗുരുതര പരിക്കേറ്റ് അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് വിദ്യാര്‍ത്ഥി. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും നീതി ലഭിക്കണമെന്നും ഇനിയൊരു കുട്ടിക്കും ഈ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം 4.30ഓടെ മകനെ വിളിച്ചുകൊണ്ടുപോയി രണ്ട് സ്ഥലത്തുവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എളേറ്റില്‍ വട്ടോളി എം.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളും താമരശ്ശേരി കോരങ്ങാട് സ്കൂളിലെ വിദ്യാര്‍ത്ഥികളും സ്വകാര്യ ട്യൂഷന് കേന്ദ്രത്തിലെ ഫെയര്‍വെല്‍ പരിപാടിക്കിടെ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷന് സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടി നടന്നിരുന്നു. ഇതില്‍ എളേറ്റില്‍ വട്ടോളി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ഡാന്‍സിനിടെ പാട്ട് നിന്നുപോയതും താമരശ്ശേരി സ്കൂളിലെ കുട്ടികള്‍ കളിയാക്കി വിട്ടു. ഇതോടെ സംഘര്‍ഷമുണ്ടാവുകയും അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെക്കുകയും ചെയ്തു.
പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രകോപനം തുടരുകയും ഒടുവില്‍ ഇന്നലെ വ്യാഴാഴ്ച വൈകീട്ട് ട്യൂഷന് സെന്ററിന് സമീപം സംഘടിച്ചെത്തി ഏറ്റുമുട്ടുകയായിരുന്നു.
എളേറ്റില്‍ വട്ടോളി സ്കൂളിലെ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരന് തലക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.


