ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയം നേടി സെമി ഉറപ്പിച്ച് ഇന്ത്യ. 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്റെ 242 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.
വിരാട് കോലിയുടെ സെഞ്ചുറിയും ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യയെ മുന്നിലെത്തിച്ചു. ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. 15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 20 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം. ഷഹീന് അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ – വിരാട് കോലി കൂട്ടുക്കെട്ട് 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. എന്നാല്‍ അബ്രാര്‍ അഹമ്മദ് ഗില്ലിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.
ഗില്‍ പുറത്തായ ശേഷം മധ്യ ഓവറുകളില്‍ മൂന്നാം വിക്കറ്റില്‍ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 56 റണ്‍സ് ശ്രേയസ് കൈവശപ്പെടുത്തി. എന്നാല്‍ 39-ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള് ഹഖ് ക്യാച്ചെടുത്ത് ശ്രേയസിനെ പുറത്താക്കുകയായിരുന്നു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായിയിരുന്നു. മുഹമ്മദ് റിസ്വാന്, സൗദ് ഷക്കീല്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് മെച്ചപ്പട്ട സ്കോര്‍ സമ്മാനിച്ചത്.
ഭേതപ്പെട്ട തുടക്കം കാഴ്ച്ചവെച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസമിനെ ഹാര്‍ദിക് പാണ്ഡ്യയും ഇമാം ഉള് ഹഖ് ഇമാമിനെ അക്ഷര്‍ പട്ടേലും റണ്ണൗട്ടാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ – മുഹമ്മദ് റിസ്വാന് സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്സ് 150 കടന്നത്. എന്നാല്‍ റിസ്വാനെ അക്ഷര്‍ പട്ടേല്‍ തകര്‍ത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്.
പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന് അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച സല്മാന് ആഗ – ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്കോര്‍ 241-ല്‍ എത്തിച്ചത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.


