ഗംഗ സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണെന്ന അവകാശവാദവുമായി പ്രമുഖ ശസ്ത്രജ്ഞന്‍ പത്മശ്രീ ഡോ.അജയ് സോങ്കര്‍. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് സോങ്കര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലയാണ് വാദം. ദേശീയ മാധ്യമമായ ANIയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
ഗംഗാ ജലത്തിലുള്ള 1,100 തരം ബാക്ടീരിയോഫേജുകള്‍ സുരക്ഷാ ഗാര്‍ഡുകളെ പോലെ പ്രവര്‍ത്തിക്കുന്നു. ഇവ ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.60 കോടിയിലധികം ആളുകള്‍ കുംഭമേളയില്‍ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളില്‍ നിന്ന് മുക്തമായി തുടരുകയാണ്. അതിന് കാരണം മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയാണ്- അജയ് സോങ്കര്‍ പറഞ്ഞു.
സംശയമുള്ളവര്‍ക്ക് തന്റെ മുന്നില്‍ വെച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും ഇത്രയും അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള ലോകത്തിലെ ഏക ശുദ്ധജല നദിയാണ് ഗംഗയെന്നും അജയ് സോങ്കര്‍ പറഞ്ഞു. മഹാ കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പുണ്യസ്നാനം ചെയ്യുമ്പോള്‍ പുറത്തുവരുന്ന അണുക്കളെ ബാക്ടീരിയോഫേജുകള്‍ നിര്‍വീര്യമാക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ മാത്രമേ നശിപ്പിക്കൂ എന്നതാണ് ബാക്ടീരിയോഫേജുകളുടെ പ്രത്യേകത. ഓരോ ഫേജും വേഗത്തില്‍ 100 മുതല്‍ 300 പുതിയവ ഉത്പാദിപ്പിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു- സോങ്കര്‍ പറഞ്ഞു.


